Total Members: 2750

News and Events

വാർഷിക പൊതുയോഗം 2016 നടത്തി - 20/Jan/2017

സേവന പ്രവർത്തനങ്ങൾക്ക് മാതൃകയായി സാന്ത്വനം കുവൈറ്റിന്റെ പതിനാറാം വാർഷിക പൊതുയോഗം നടന്നു.

കുവൈറ്റിലും നാട്ടിലും ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തി പ്രവാസി സമൂഹത്തിൽ സജീവ സാന്നിധ്യമായി മാറിയ സാന്ത്വനം കുവൈറ്റ്‌ അതിന്റെ നിരന്തര സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ 16 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി പൊതുയോഗം സംഘടിപ്പിച്ചു.

കഴിഞ്ഞ കാല പ്രവർത്തനങ്ങളെ വിലയിരുത്തുവാനും വരുംകാല പ്രവർത്തനങ്ങളുടെ കർമ്മ രേഖ തയ്യാറാക്കുവാനുംവേണ്ടി ചേർന്ന യോഗത്തിൽ സംഘടനയുടെ അംഗങ്ങളും, അഭ്യുദയ കാംക്ഷികളും, കുവൈറ്റ്‌ പ്രവാസി സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട്‌ ശ്രീ പി. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസ്സി പ്രധിനിധി ശ്രീ എ. കെ. ശ്രീവാസ്തവ ഉത്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. വി. ഡി. പൗലോസ് വാർഷിക റിപ്പോര്ട്ട് അവതരിപ്പിക്കുകയും പ്രവർത്തനങ്ങളെക്കുറിച്ച്‌ വിശദീകരിക്കുകയുമുണ്ടായി. ട്രഷറർ ശ്രീ സന്തോഷ്‌ കുമാറിന്റെ അഭാവത്തിൽ ജോയിന്റ് ട്രഷറർ ശ്രീ. അനിൽകുമാർ കെ. എസ്. സാമ്പത്തിക അവലോകന റിപ്പോർട്ട് അവതരിപ്പിച്ച്‌ പൊതുയോഗത്തിന്റെ അംഗീകാരം നേടി. ചടങ്ങിൽ കഴിഞ്ഞ വർഷത്തെ കണക്കുകളും പ്രവര്ത്തനങ്ങളുടെ വിശദവിവരങ്ങളും ഉൾക്കൊള്ളുന്ന വാര്ഷിക സോവനീർ "സ്മരണിക 2016 " പ്രകാശനം ചെയ്തു.

സാന്ത്വനത്തിന്റെ കഴിഞ്ഞ പതിനാറു വർഷത്തെ പ്രവർത്തനത്തിനിടയിൽ 9000ലധികം വരുന്ന നിർധനരും നിസ്സഹായരുമായ രോഗികൾക്കായി 7.94 കോടിയിലധികം രൂപയുടെ ചികിത്സാ സഹായമെത്തിക്കുവാൻ സംഘടനക്ക് കഴിഞ്ഞതായി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലൂടെ വിശദീകരിച്ചു. 2016 പ്രവർത്തനവർഷത്തിൽ മാത്രമായി കുവൈറ്റിലും നാട്ടിലുമുള്ള 1202 രോഗികളുടെ ചികിത്സക്കായി 1.32 കോടിയിലധികം രൂപയുടെ ചികിത്സാ സഹായമാണ് ലഭ്യമാക്കിയത്. ഇതിൽ നാട്ടിലുള്ള ആയിരത്തിലധികം രോഗികളും കുവൈറ്റിലെ അമ്പതോളം രോഗികളും ഉൾപ്പെടുന്നു.

2750 ഓളം വരുന്ന അംഗങ്ങൾ നല്കുന്ന സംഭാവനകളും സംഘടന പ്രസിദ്ധീകരിക്കുന്ന വാര്ഷിക സുവനീരിലെക്ക് പരസ്യങ്ങൾ വഴി ലഭിക്കുന്ന അധിക വരുമാനവുമാണ് സഹായങ്ങൾക്കായി വിനിയോഗിക്കുന്നത്.

മാസം തോറും മുടങ്ങാതെ അര്ഹതപ്പെട്ടവരെ കണ്ടെത്തി സഹായം എത്തിക്കുന്നതോടൊപ്പം എല്ലാ വര്ഷവും ചില പ്രത്യേക സഹായ പദ്ധധികൾ കൂടി സാന്ത്വനം ആവിഷ്കരിച്ചു നടപ്പാക്കി വരുന്നുണ്ട്. തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലേക്കും മെഡിക്കൽ കോളേജിലേക്കും വരുന്ന രോഗികൾക്കായുള്ള സൗജന്യ താമസ സൗകര്യവും (ട്രിഡ വിശ്രം സങ്കേത്), കൊല്ലം കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന കാൻസർ കെയർ സെന്ററിലെ രോഗികൾക്ക് മരുന്ന്, പോഷകാഹാരങ്ങൾ, ചികിത്സ സഹായങ്ങൾ, എൻഡോസല്ഫാൻ ദുരിത ബാധിതർക്ക് ഫിസിയോ തെറാപ്പി യൂനിറ്റ്, കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കായി തിളപ്പിച്ച കുടി വെള്ള പദ്ധതി, ഹീമോഫീലിയ രോഗികൾ വേണ്ടിയുള്ള പ്രത്യേക ചികിത്സാ പദ്ധതി, കൊച്ചി കാൻസർ സൊസൈറ്റിയുടെ മൊബൈൽ മാമ്മോഗ്രം യൂനിറ്റിനുള്ള സഹായം, കോഴിക്കോട്ടെ ലിസ സ്വാന്തന ശുശ്രൂഷാ സെന്ററിന് ഡയാലിസിസ് മെഷീൻ വാങ്ങുന്നതിനുള്ള സഹായം, ഓട്ടിസം ബാധിച്ചവർക്കായുള്ള SENSORY INTEGRATION THERAPY CENTER , വയനാട്ടിൽ ശാന്തി ഡയാലിസിസ് സെന്ററിന് മെഷീൻ വാങ്ങുന്നതിനുള്ള ധനസഹായം, ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ അട്ടപാടിയിൽ ആരംഭിച്ച ഫിസിയോതെറാപ്പി യൂണിറ്റിനുള്ള സഹായം, തുടങ്ങിയ നിരവധി പദ്ധതികൾ സാന്ത്വനം മുൻകാലങ്ങളിൽ ആവിഷ്കരിച്ചു നടപ്പ്പിലാക്കിയ പ്രത്യേക സാമൂഹ്യ ക്ഷേമ പദ്ധതികളാണ്.

2016 ലെ പ്രത്യേക സഹായ പദ്ധതിയുടെ ഭാഗമായി സമൂഹത്തിനു ക്ഷേമകരമായ നിരവധി പദ്ധതികളാണ് നടപ്പിൽ വരുത്തിയത്. ഇതിൽ കോഴിക്കോടുള്ള സർക്കാർ ജനറൽ ആശുപത്രിയിൽ നിലവിലുള്ള രക്തബാങ്കിനോട് ചേർന്ന് ഒരു ബ്ലഡ് കമ്പോണന്റ് സെപ്പരേഷൻ യൂണിറ്റിനുള്ള കെട്ടിടം നിർമിച്ചു നൽകുക, കേരളത്തിലെ വിവിധ ജില്ലകളിൽ മാരക രോഗം ബാധിച്ച കുട്ടികളുടെ രോഗ ചികിസാ പ്രവർത്തനങ്ങൾക്ക് വേണ്ടി സൊലാസ് തൃശൂരുമായി സഹകരിച്ചുകൊണ്ടുള്ള ആരോഗ്യസംരക്ഷണ പദ്ധതി, കേരളത്തിലെ വിവിധ ജില്ലകളിലുള്ള പെയിൻ ആൻഡ് പാലിയേറ്റിവ് കേന്ദ്രങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന പദ്ധതി, ആദിവാസി ഊരുകളിലെ വിദ്യാർത്ഥികൾക്ക് താമസസൗകര്യമൊരുക്കുന്ന പദ്ധതി എന്നിവ ഉൾപ്പെടുന്നു. കൂടാതെ കഴിഞ്ഞ വർഷങ്ങളിൽ നടത്തിപ്പോരുന്ന പദ്ധതികളായ "ട്രിഡ വിശ്രം സങ്കേത്", കൊല്ലം ക്യാൻസർ കെയർ സെന്റർ എന്നിവയുടെ തുടർ നടത്തിപ്പും ഉൾപ്പെടുന്നു.

രോഗികൾക്ക് വേണ്ടിയുള്ള പ്രതിമാസ തുടർ ചികിത്സാ സഹായം ലഭിക്കുന്നവരുടെ വിവരങ്ങളോടൊപ്പം, മുൻകാലങ്ങളിലെപ്പോലെ തന്നെ 2016ലെ ഓണക്കാലത്തും ആദിവാസി ഊരുകളിലും, അനാഥാലയങ്ങളിലും, മാനസികാരോഗ്യ കേന്ദ്രങ്ങളിലുമൊക്കെ ഓണ സദ്യ ഒരുക്കിയും ഓണക്കിറ്റ് വിതരണം ചെയ്തും തോട്ടം മേഖലകളിൽ നിർധന വിദ്യാർത്ഥികൾക്ക് പഠനോപകാരണങ്ങൾ നൽകിയും സാന്ത്വനം നടത്തിയ വ്യത്യസ്ത പ്രവർത്തനങ്ങളെക്കുറിച്ചും റിപ്പോർട് പ്രതിപാദിക്കുന്നു.

വിവിധ ചർച്ചകൾക്ക്‌ ശേഷം 2017 ലെ ഭാരവാഹികളായി ശ്രീ എം. എൻ. രവീന്ദ്രൻ പ്രസിഡണ്ട്‌ ആയും, ശ്രീ സന്തോഷ് ജോസഫ് സെക്രട്ടറിയായും, ശ്രീ. അബ്ദുൾ സത്താർ ട്രഷററുമായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഉപദേശക സമിതി, എക്സിക്യൂട്ടിവ് കമ്മറ്റി, പ്രവർത്തക സമിതി എന്നിവയിലേക്കുള്ള അംഗങ്ങളെയും യോഗത്തിൽ തിരഞ്ഞെടുത്തു.

സാന്ത്വനത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകിയ എല്ലാ സുമനസ്സുകൾക്കും പൊതുയോഗം നന്ദി രേഖപ്പെടുത്തുകയും, സമൂഹത്തിലെ അശരണരായവർക്ക് തുണയേകുവാനായി കൂടുതൽ പേർ ഈ കൂട്ടായ്മയുടെ ഭാഗമാകുവാനും അഭ്യർത്ഥിച്ചു.